01:19am 20 November 2026
NEWS
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനത്ത് ഇനി പഞ്ചനക്ഷത്ര ഹോട്ടൽ; 'ചുവപ്പൻ വത്തിക്കാൻ' മാറിയ കഥ
19/11/2026  09:52 PM IST
nila
ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനത്ത് ഇനി പഞ്ചനക്ഷത്ര ഹോട്ടൽ; ചുവപ്പൻ വത്തിക്കാന്റെ പുതിയ മുഖം

റോം: ഒരുകാലത്ത് തൊഴിലാളിവർഗത്തിന്റെ പോരാട്ടവീര്യവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും ചർച്ച ചെയ്തിരുന്ന കെട്ടിടം ഇന്ന് ലോകത്തെ സമ്പന്നരായ സഞ്ചാരികൾക്കായുള്ള ആഡംബര കേന്ദ്രം. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ആസ്ഥാനമായിരുന്ന കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലായി മാറിയതോടെ ചരിത്രവും ആഡംബരവും ഒത്തുചേരുന്ന പുതിയൊരു അധ്യായത്തിനാണ് റോം സാക്ഷ്യം വഹിക്കുന്നത്.

വത്തിക്കാനിൽനിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള വിയ ദെല്ലെ ബോത്തേഗെ ഓസ്കുറെയിലെ നാലാം നമ്പർ കെട്ടിടത്തിനാണ് ഈ ചരിത്രപരമായ മാറ്റം സംഭവിച്ചത്. 'ഇരുണ്ട കടകളുടെ തെരുവ്' എന്നർഥം വരുന്ന ഈ തെരുവിന് പുരാതന റോമൻ കാലംമുതൽ നീളുന്ന ചരിത്രമുണ്ട്. 1991 വരെ പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്ന ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനവും ഇവിടെയായിരുന്നു.

കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇന്നും പഴയ കാലത്തിന്റെ അടയാളങ്ങൾ കാണാം. പ്രവേശനകവാടത്തിന്റെ ഇടതുവശത്തെ ചുവരിൽ ചുറ്റികയും അരിവാളും ആലേഖനം ചെയ്തിട്ടുണ്ട്. പടിക്കെട്ടുകൾക്കു താഴെ പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളും പ്രമുഖ ചിന്തകനുമായ അന്റോണിയോ ഗ്രാംഷിയുടെ അർധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടം ഹോട്ടലായി മാറിയിട്ടും ഈ ചിഹ്നങ്ങളും പ്രതിമയും നീക്കം ചെയ്യാൻ കഴിയാത്തത് സർക്കാർ മുന്നോട്ടുവച്ച നിബന്ധനകളെത്തുടർന്നാണ്.

ഒരുകാലത്ത് 'ചുവപ്പൻ വത്തിക്കാൻ' എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തിലാണ് ഇപ്പോൾ 'തോംസൺ റോം' എന്ന പേരിൽ പഞ്ചനക്ഷത്ര ഹോട്ടൽ പ്രവർത്തിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ, രാഷ്ട്രീയ പോരാട്ടങ്ങൾ, പ്രത്യയശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തിരുന്ന മുറികൾ ഇന്ന് ആഡംബര താമസസൗകര്യങ്ങളായി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സമ്പന്നരായ വിനോദസഞ്ചാരികളാണ് ഇപ്പോൾ ഇവിടെയെത്തുന്നത്.

പല കൈകളിലൂടെ ഹോട്ടലിലേക്ക്

കമ്യൂണിസ്റ്റ് പാർട്ടി 1991-ൽ പിരിച്ചുവിട്ടതോടെയാണ് കെട്ടിടത്തിന്റെ ചരിത്രത്തിൽ പുതിയ മാറ്റങ്ങൾ ആരംഭിച്ചത്. 2000 വരെ ഡെമോക്രാറ്റ്സ് ഓഫ് ദ ലെഫ്റ്റിന്റെ ആസ്ഥാനമായി ഇത് തുടർന്നു. പിന്നീട് ഇറ്റാലിയൻ ബാങ്കിങ് അസോസിയേഷന്റെ ഓഫീസായി പ്രവർത്തിച്ചു. താഴത്തെ നിലയിൽ 'റിനാഷിറ്റ' എന്ന ഇടതുപക്ഷ പുസ്തകശാലയും കുറച്ചുകാലം പ്രവർത്തിച്ചിരുന്നു.

എന്നാൽ പ്രതിമാസം 15,000 യൂറോ വാടക നൽകാൻ കഴിയാതെ വന്നതോടെ 2009-ൽ പുസ്തകശാല അടച്ചുപൂട്ടി. തുടർന്ന് കെട്ടിടം സ്വന്തമാക്കിയത് ഇറ്റലിയിലെ വലതുപക്ഷ പാർട്ടിയായ ലെഗായുടെ നേതാവും കോടീശ്വരനുമായ ആന്റോണിയോ ആഞ്ചെലൂച്ചിയാണ്. പിന്നീട് ഹയാത്ത് ഗ്രൂപ്പിന്റെ ഹോട്ടൽ പദ്ധതിയുടെ ഭാഗമായി കെട്ടിടം ആഡംബര താമസകേന്ദ്രമായി രൂപാന്തരപ്പെട്ടു.

സഖാക്കളുടെ ചർച്ചാമുറികളിൽ ഇന്ന് കോക്ക്ടെയിൽ

കെട്ടിടത്തിന്റെ പഴയ ചരിത്രത്തെ ഓർമിപ്പിക്കുന്ന നിരവധി ഇടങ്ങൾ ഇപ്പോഴും ഹോട്ടലിന്റെ ഭാഗമാണ്. മുൻപ് പാർട്ടി സെക്രട്ടറിയുടെ ഓഫീസായിരുന്ന മുറി ഇന്ന് ഏകദേശം 65,000 രൂപ വാടകയുള്ള ആഡംബര സ്യൂട്ടായി മാറിയിരിക്കുന്നു. ആകെ 69 മുറികളാണ് ഹോട്ടലിലുള്ളത്. ഉയരമുള്ള ജനാലകളിലൂടെ റോമിലെ ചരിത്രസ്മാരകങ്ങളുടെ മനോഹരമായ കാഴ്ചയും ആസ്വദിക്കാം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും ഒത്തുചേർന്ന് രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ചർച്ച ചെയ്തിരുന്ന ടെറസിനും പുതിയ മുഖമാണ്. ഒരുകാലത്ത് കമ്യൂണിസ്റ്റ് നേതാക്കളുടെ കൂടിയാലോചനകൾക്ക് വേദിയായിരുന്ന ഈ ഇടത്ത് ഇന്ന് അതിഥികൾക്ക് നെഗ്രോണി കോക്ക്ടെയിൽ ആസ്വദിച്ചിരിക്കാം.

പാർട്ടി പിരിച്ചുവിട്ട് മൂന്നര പതിറ്റാണ്ടിലേറെ പിന്നിടുമ്പോൾ, ആ കെട്ടിടത്തിന്റെ രൂപവും ഉപയോഗവും പൂർണമായും മാറിയിരിക്കുന്നു. എങ്കിലും ചുറ്റികയും അരിവാളും ഗ്രാംഷിയുടെ പ്രതിമയും ചരിത്രത്തിന്റെ ശേഷിപ്പുകളായി അവിടെ തുടരുന്നു. തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് അഭയം നൽകിയിരുന്ന ഒരിടം ആഗോള ആഡംബര വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി മാറിയതിലൂടെ ഇറ്റലിയിലെ രാഷ്ട്രീയ മാറ്റങ്ങളുടെ മറ്റൊരു ചരിത്രം കൂടിയാണ് ഈ കെട്ടിടം പറയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img